എന്നെ ആരും തിരഞ്ഞെടുത്തിരുന്നില്ല

--

ശരീരം കൊണ്ട് യുദ്ധം ചെയ്യാൻ പോയപ്പോൾ,
വിങ്ങി നിന്ന മനസ്സ് ചോദിച്ചു- ഞാനും വന്നോട്ടെ.
യുദ്ധ കാഹളം മുഴങ്ങി തന്ത്രങ്ങൾ മെനഞ്ഞു
മുന്നേറിയപ്പോൾ മനസ്സ് ചോദിച്ചു — ഞാനും വരട്ടെ.

ധാരണകളിൽ എത്തുവാൻ ചർച്ച നടന്നപ്പോഴും,
ലോല മനോരഥം മൊഴിഞ്ഞു — ഞാനും പോന്നോട്ടെ.
വൈകാരിക ഉടമ്പടികൾ ഒപ്പുവെക്കുമ്പോഴും,
മൃദു മനസ്സ് പറഞ്ഞു — വേണമെങ്കിൽ ഞാനും വരാം.

വളഞ്ഞാക്രമിച്ചു താരമായി അലയടിക്കുമ്പോഴും
ഒപ്പം മനസ്സ് പറയുന്നു — “ഞാനിവിടെ തന്നെയുണ്ട്” എന്ന്.
ഇതൊന്നും ചെവികൊള്ളാതെ മേലാസകലം വ്രണപെട്ടു
വന്നപ്പോൾ കഠോര മാനസം പറഞ്ഞു — “ഇനി ഞാൻ വരില്ല”

യോദ്ധാവായ മേനിയോട് മനസ്സിങ്ങനെ പറഞ്ഞു-
“നീ പടവെട്ടിയതു നിനക്ക് വേണ്ടി തന്നെ എന്നാൽ,
ഞാൻ അങ്കം നയിച്ചതും നിനക്ക് വേണ്ടി തന്നെ.
പക്ഷെ അത് നീ ഒരു ക്ഷണം പോലും ഓർത്തില്ല.”

“ഒരു കുരുക്ഷേത്രം മുഴുവൻ മുന്നിൽ കാണുമ്പോഴും,
പട നയിക്കുകയായിരുന്നു കവചം പോലുമില്ലാതെ.
എന്നാൽ ഒരു കുട്ട നിറയെ ആശാകിരണങ്ങൾ
പടച്ചട്ടയായി അനവരതം പ്രവർത്തിച്ചു, അത്ര മാത്രം”

“ആരുണ്ടായിരുന്നു എൻ്റെ കൂടെ താങ്ങായി?
ആരുണ്ടായിരുന്നു എനിക്കുവേണ്ടി പറയാൻ?
അന്നാണ് ഞാൻ ആ കാര്യം മനസ്സിലാക്കിയത്,
എന്നെ ആരും തിരഞ്ഞെടുത്തിരുന്നില്ല .”

“എൻ്റെ കൂടെ ശരീരമില്ല, ശക്ത്തിയില്ല, എന്തിന-
ധികം പറയുന്നു, ഞാൻ പോലും എൻ്റെ കൂടെ ഇല്ല.”
അപ്പോൾ മുകളിലെ ഏമാൻ ഇപ്രകാരം പറഞ്ഞു-
“നിനക്കായി നീ ജീവിച്ചാൽ നിനക്കായി”

© രോഹിത് നാരായണൻ

--

--

Rohit Deepa Narayanan

रोहित् दीपा नारायणन् |🇮🇳 Governor of my soul. കേരളം